തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് കൈയിൽ മിഠായി കൊടുക്കാതെ മേശയിൽ വിതറിയ എം.എൽ.എയുടെ നടപടി വിവാദത്തില്‍. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ വി. മുരളീധരൻ പങ്കെടുത്ത പ്രവേശനോത്സവ ചടങ്ങിലാണ് വിവാദ സംഭവം.തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലായിരുന്നു പ്രവേശനോത്സം.
സ്കൂളിലെത്തിയ കുട്ടികൾക്ക് മധുരം നൽകുന്നതിനിടെ വി. മുരളീധരൻ മിഠായികൾ കുട്ടികളുടെ കൈകളിൽ നേരിട്ട് കൊടുക്കുന്നതിന് പകരം മുന്നിലെ മേശപ്പുറത്തേക്ക് വിതറി കൊടുക്കുകയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളിൽ കുട്ടികളുടെ കൈകളിൽ കൊടുക്കാനുള്ള മടി കാരണമാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് വ്യാപക വിമർശനം ഉയർന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന പഴയ ജന്മി കാലം കുരുന്നുകൾക്കു മുന്നിൽ പുനരാവിഷ്കരിക്കപ്പെടുകയായിരുന്നുവെന്നും മിഠായി ആ കുഞ്ഞുങ്ങളുടെ കൈയ്യിൽ കൊടുത്താൽ എന്തു പറ്റുമായിരുന്നുവെന്നും നെറ്റിസൺസ് ചോദിച്ചു. ഒരു ജനപ്രതിനിധി കുട്ടികളോട് ഇത്തരത്തിൽ പെരുമാറിയത് അവഹേളിക്കുന്നതിന് തുല്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ പ്രവൃത്തിക്കെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ച നടക്കുന്നുണ്ട്.


















































