തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹർജിക്കാരൻ കെ.എം. ഷാജഹാൻ. ജനങ്ങൾ അധികാരത്തിൽനിന്ന് പുറത്താക്കിയ പിണറായി വിജയനെ രക്ഷിക്കാനുള്ള ദൗത്യമാണ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷം യുഡിഎഫ് നടത്തിയ സമരങ്ങളുടെ നിലപാടുകൾ അധികാരത്തിലെത്തിയശേഷം സതീശൻ സർക്കാർ തിരുത്തുകയാണെന്നും ഷാജഹാൻ കുറ്റപ്പെടുത്തി.
മാസപ്പടി കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് തെളിവുകൾ പരിഗണിച്ചാണെന്നാണ് ഷാജഹാന്റെ വാദം. കേസിൽ പ്രധാനപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തി സർക്കാർ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അത് പിണറായി വിജയന് അനുകൂലമായ നിലപാടാണെന്ന് അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതി വിധി വന്നിട്ടും സംസ്ഥാന അഡ്വക്കേറ്റ് ജനറൽ പിണറായി വിജയനുവേണ്ടി വാദിക്കുന്നത് ആശ്ചര്യകരമാണെന്നും ഷാജഹാൻ പറഞ്ഞു. സർക്കാരിന്റെ നിലപാട് വിചിത്രമെന്നതിലുപരി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. നിയമനടപടികളിൽ സർക്കാർ സ്വീകരിക്കുന്ന സമീപനം കേസിന്റെ തുടർനടപടികളിൽ നിർണായകമാണെന്നും ഷാജഹാൻ ചൂണ്ടിക്കാട്ടി.