കോട്ടയം: കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. കോട്ടയം തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട് ആണ് കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചത്. പിണ്ണാക്കനാട് സ്വദേശി അലൻ സുനീഷ ദമ്പതികളുടെ ഇവാൻ അലക്‌സ് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വീട്ടു മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
ഏറെ നേരമായിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ കണ്ടെത്തിയത്. വീട്ടുമുറ്റത്തുതന്നെയുള്ള കിണറിന് ആൾമറയില്ലാത്തതാണ് അപകടത്തിനിടയാക്കിയത്. കുട്ടി കിണറ്റിൽ വീണ വിവരം അറിഞ്ഞ ഉടൻതന്നെ വീട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.




