കാസർകോട്: വെസ്റ്റ് എളേരി വരക്കാട് കുഴൽക്കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ഇരുവരും അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നവരാണ്.
ജെയ്സണും കുടുംബവും താമസിക്കുന്ന വാടകവീടിന് മുകളിലേക്കാണ് കുഴൽക്കിണർ വണ്ടി മറിഞ്ഞത്. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ചൂട് കാലമായതിനാൽ ജെയ്സണും കുടുംബവും വീടിന്റെ ഹാളിലാണ് ഉറങ്ങിയിരുന്നത്. ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
ട്രാക്ടറിലെ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി നിന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഇതോടെ വീടിന്റെ ഹാളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് കാര്യമായ അപകടമുണ്ടായില്ല. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ദേവേന്ദ്രയ്ക്കും മനാസറിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരുടെ മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാർ ആശങ്കയും പ്രകടിപ്പിച്ചു. അപായ സൂചനകൾ ഉൾപ്പെടെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തത് മേഖലയിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്ത് നേരത്തെയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.




