തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പുർ–തിരുനെൽവേലി എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവായെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് പരശുറാം എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
പുലർച്ചെ 3.30ഓടെ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്നാണ് മണ്ണ് റെയിൽവേ ട്രാക്കിലേക്ക് ഇടിഞ്ഞതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം സെൻട്രലിൽനിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തെത്തുടർന്ന് നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചു. ചില ട്രെയിനുകൾ റദ്ദാക്കിയപ്പോൾ മറ്റുചിലത് വഴിയിൽ പിടിച്ചിട്ടിരിക്കുകയാണ്. നിരവധി സർവീസുകളുടെ പുറപ്പെടൽ സമയത്തിലും മാറ്റമുണ്ടായി. യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയവിവരങ്ങൾ പരിശോധിക്കണം.
റദ്ദാക്കിയ ട്രെയിനുകൾ
- തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ
- നാഗർകോവിൽ ജങ്ഷൻ–തിരുവനന്തപുരം നോർത്ത് പാസഞ്ചർ
- നാഗർകോവിൽ ജങ്ഷൻ–കൊല്ലം ജങ്ഷൻ പാസഞ്ചർ
- കൊല്ലം ജങ്ഷൻ–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ
- നാഗർകോവിൽ ജങ്ഷൻ–തിരുവനന്തപുരം നോർത്ത് പാസഞ്ചർ
- തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ
പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ
- താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ
- മധുര–പുനലൂർ എക്സ്പ്രസ്
- താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ്
പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ
- ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ്
- കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
- നാഗർകോവിൽ ജങ്ഷൻ–പുനലൂർ പാസഞ്ചർ
- തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ
- പുനലൂർ–കന്യാകുമാരി പാസഞ്ചർ
- പൂണെ–കന്യാകുമാരി എക്സ്പ്രസ്
- തിരുവനന്തപുരം സെൻട്രൽ–താംബരം എക്സ്പ്രസ്
ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റദ്ദാക്കിയതും വൈകുന്നതുമായ ട്രെയിനുകളുടെ പട്ടികയിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണം.