കൊച്ചി: നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതികളുണ്ടെന്നു കണ്ടെത്തി. അന്വേഷണ സംഘം ഇയാൾ മുൻപു ജോലി ചെയ്ത പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. 2 വർഷം മുൻപു പത്തനംതിട്ടയിലെ ആശുപത്രിയിലെ ജീവനക്കാരിയോടു മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാൾക്കു താക്കീതു നൽകിയിരുന്നു.
അവസാനം ജോലി ചെയ്ത കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് കേസ് വന്നതോടെ ഇയാളെ പുറത്താക്കുകയും ചെയ്തു. ഡോക്ടറുടെ മൊബൈലിൽ നിന്നു ഒട്ടേറെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണു കണ്ടെത്തിയത്. ഡോക്ടർക്ക് എതിരായ പഴയ പരാതികൾകൂടി കണ്ടെത്തി മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡോക്ടർ ഇപ്പോഴും ഒളിവിലാണ്.
ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. രാജ്യം വിട്ടിട്ടില്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ. പ്രതിയായ ഡോക്ടറെ മർദിച്ചെന്ന കേസിൽ മൂന്നു പ്രതികൾ അറസ്റ്റിലാണ്. തനിക്കെതിരെ പീഡന പരാതി നൽകാതിരിക്കാൻ പന്ത്രണ്ടോളം പേർ ചേർന്ന് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് മർദിച്ചെന്നും മൊബൈൽ ഉൾപ്പെടെ മോഷ്ടിച്ചെന്നുമാണു ഡോക്ടർ കടവന്ത്ര പൊലീസിൽ നൽകിയ പരാതി. പീഡന വിവരം പുറത്തു വരാതിരിക്കാൻ ഒരു കോടി രൂപ ഡോക്ടർ വാഗ്ദാനം ചെയ്തെന്നും ഇതു നിരസിച്ചപ്പോഴാണു തങ്ങൾക്കെതിരെ കേസ് നൽകിയതെന്നുമാണ് അറസ്റ്റിലായവരുടെ വാദം. ഇതിനു പിന്നാലെയാണ് ഇൻഫോപാർക്ക് സ്റ്റേഷനിൽ ഡോക്ടർക്കെതിരെ പീഡനക്കേസ് റജിസ്റ്റർ ചെയ്തത്.