സ്ട്രാസ്ബൂർ: ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ പാർലമെന്റ് കെട്ടിടത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നഗ്നരൂപത്തിലുള്ള സ്വർണ പ്രതിമ അനാച്ഛാദനം ചെയ്തു. ഡാനിഷ് കലാകാരനായ ജെൻസ് ഗാൽഷിയോട്ട് ഒരുക്കിയ എട്ട് അടി ഉയരമുള്ള ശിൽപത്തിന് ‘ദി ഓറഞ്ച് പ്ലേഗ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
23 കാരറ്റ് സ്വർണപ്പാളി കൊണ്ട് പൊതിഞ്ഞ പ്രതിമയിൽ ഒരു കൈയിൽ ഗോൾഫ് ക്ലബ്ബും ലോകത്തിന്റെ ആകൃതിയിലുള്ള പന്തും മറുകൈയിൽ ത്രാസും പിടിച്ചുനിൽക്കുന്ന ട്രംപിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ ചെറിയ വലിപ്പമുള്ള മറ്റൊരാളുടെ തോളിൽ കയറിയുനിൽക്കുന്ന രീതിയിലാണ് പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ‘ദി കിംഗ് ഓഫ് ഇൻജസ്റ്റിസ്’ (അനീതിയുടെ രാജാവ്) എന്നും പ്രതിമയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിമയുടെ അടിത്തറയിൽ ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു പ്രതിജ്ഞയും ആലേഖനം ചെയ്തിട്ടുണ്ട്. ഒരാളുടെ പുറത്ത് ഇരിക്കുന്നതും തന്റെ ഭാരം കാരണം അയാൾ താഴേക്ക് മുങ്ങുന്നതും പരാമർശിക്കുന്ന ഈ കുറിപ്പിന്റെ അവസാനം, അയാളെ സഹായിക്കാൻ എന്തും ചെയ്യാമെന്നും എന്നാൽ സ്വന്തം പുറത്ത് നിന്ന് ഇറങ്ങില്ലെന്നും പരിഹാസരൂപത്തിൽ പറയുന്നു. പ്രതിജ്ഞ ഇങ്ങനെ- “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി. അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും”.
രാഷ്ട്രീയ നിലപാടുകൾ പ്രതിഫലിപ്പിക്കുന്ന ശിൽപങ്ങൾക്ക് പേരുകേട്ട ഗാൽഷിയോട്ട്, ട്രംപിന്റെ ഹരിത നയങ്ങളിലെയും വിദേശനയങ്ങളിലെയും അസ്ഥിരതയ്ക്കെതിരായ ‘ആക്ഷേപഹാസ്യ പ്രതിഷേധം’ എന്നാണ് തന്റെ സൃഷ്ടിയെ വിശേഷിപ്പിച്ചത്. നിയമാധിഷ്ഠിതമായ ലോകക്രമത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കും ട്രംപ് വലിയ ഭീഷണികളിലൊന്നാണെന്നും കലാകാരൻ പറഞ്ഞു.
‘ദി ഓറഞ്ച് പ്ലേഗ്’ പ്രദർശിപ്പിക്കുന്നതിന് ഡാനിഷ് യൂറോപ്യൻ പാർലമെന്റ് അംഗം പെർ ക്ലോസനും പിന്തുണ നൽകി. പ്രതിമ പ്രദർശിപ്പിക്കുന്നതിനെ സഹിക്കാനാകാത്തത്ര മൃദുമനസ്കതയുള്ളവർക്ക് ലോകവേദിയിൽ സ്ഥാനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാൽഷിയോട്ടിന്റെ മുൻകാല സൃഷ്ടിയായ ‘സർവൈവൽ ഓഫ് ദ ഫാറ്റസ്റ്റ്’ എന്ന ശിൽപത്തിന്റെ പുനരാവിഷ്കാരമാണ് പുതിയ പ്രതിമ. ആ ശിൽപത്തിൽ ആഗോള അസമത്വത്തിന്റെ പ്രതീകമായി അമിതഭാരമുള്ള ഒരു സ്ത്രീയെ ചുമന്നുനിൽക്കുന്ന വിശന്ന ബാലനെയാണ് അവതരിപ്പിച്ചിരുന്നത്.
അതേസമയം യൂറോപ്യൻ പാർലമെന്റ് പരിസരത്ത് അംഗങ്ങൾക്ക് ഔദ്യോഗിക അനുമതിയോടെ പ്രദർശനങ്ങൾ നടത്താൻ കഴിയുമെങ്കിലും, അപമാനകരമോ പ്രകോപനപരമോ ആയതും പാർലമെന്റിന്റെ അന്തസിനെ തകർക്കുന്നതുമായ പ്രദർശനങ്ങൾക്ക് നിയന്ത്രണമുണ്ട്. ‘ദി ഓറഞ്ച് പ്ലേഗ്’ ശിൽപം വ്യാഴാഴ്ച വരെ സ്ട്രാസ്ബർഗിൽ തുടരും. നവംബറിൽ തുർക്കിയിൽ നടക്കുന്ന യുഎൻ COP31 കാലാവസ്ഥാ സമ്മേളനത്തിലും ഇത് വീണ്ടും പ്രദർശിപ്പിക്കാനാണ് കലാകാരന്റെ പദ്ധതി.




