ന്യൂഡൽഹി: ഇന്ത്യ സർക്കാർ എപ്പോഴാണ് ‘തീവ്രവാദത്തിന് പിന്തുണ നൽകുന്നത് നിർത്തുക’ എന്ന് ചോദിച്ച പാക് മാധ്യമപ്രവർത്തകന് രൂക്ഷ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ‘ഒരു തീവ്രവാദ രാജ്യമാണ് എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’ എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകിയതിന് പിന്നാലെ ജയശങ്കറും മറ്റ് പ്രതിനിധികളും ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് മുറിയിൽനിന്ന് പുറത്തേക്ക് പോയി. എന്നാൽ മാധ്യമപ്രവർത്തകൻ തുടർന്ന് സംസാരിക്കുന്നത് തുടരുകയായിരുന്നു.
പാക്കിസ്ഥാനിൽനിന്നും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യയുടെ സ്ഥിരമായ നിലപാട്. 2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഒരു നേപ്പാൾ പൗരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. മുസഫറാബാദ്, കോട്ലി, ബഹവൽപൂർ, റാവൽകോട്ട്, ചക്സ്വാരി, ഭിംബർ, നീലം വാലി, ജെലം, ചക്വാൾ തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത്. ലഷ്കർ-ഇ-തൊയ്ബ , ജെയ്ഷെ-മുഹമ്മദ് തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളവരുടെ അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യമിട്ടതെന്നി ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം, ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലും പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ വിമർശനം ഉന്നയിച്ചു. മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനും തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിനും പകരം പാക്കിസ്ഥാൻ സ്വന്തം സാമ്പത്തിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി പറഞ്ഞു.
വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പാക്കിസ്ഥാൻ സ്വന്തം ജനങ്ങൾക്ക് കൂടുതൽ സേവനം ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളോ തീവ്രവാദം കയറ്റുമതി ചെയ്യുന്നതോ കൗൺസിലിലെ നാടകീയ നീക്കങ്ങളോ രാജ്യത്തിന്റെ കടബാധ്യതകൾ പരിഹരിക്കാൻ സഹായിക്കില്ലെന്നും ത്യാഗി പറഞ്ഞു.
പാക് അധീന കശ്മീരിലെ സാഹചര്യം വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും ത്യാഗി പാക്കിസ്ഥാനെ കുറ്റപ്പെടുത്തി. ജൂൺ മുതൽ അവിടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും പ്രതിഷേധങ്ങൾക്കിടെ ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായും പാക് അധീന പ്രദേശത്ത് ഭക്ഷണവും മരുന്നുകളും തടഞ്ഞുവെച്ചതായും കൗൺസിലിൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ത്യാഗി പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ പാക്കിസ്ഥാന്റെ മറുപടി ‘പോയിന്റ് ഓഫ് ഓർഡർ’ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിന്റെ പരിശോധനയ്ക്ക് വിധേയമാകേണ്ട എല്ലാ മാനദണ്ഡങ്ങളും നിറവേറ്റുന്ന രാജ്യം പാക്കിസ്ഥാനാണെന്നും ത്യാഗി ആരോപിച്ചു.




