തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഒരു ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധമായിരുന്നു അതെന്നും, ചെയ്തത് ശരിയായിരുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ബിആർസികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാനും കേന്ദ്രസഹായം ലഭിക്കാനുമുള്ള സാഹചര്യത്തിലാണ് അന്ന് പദ്ധതിയിൽ ഒപ്പിട്ടതെന്ന് ടി.പി രാമകൃഷ്ണൻ വിശദീകരിച്ചു.
അധികാരത്തിൽ വരുന്നതിന് മുമ്പ് നിയമസഭയിലടക്കം പിഎം ശ്രീ പദ്ധതിയെ നഖശിഖാന്തം എതിർത്ത കോൺഗ്രസും ലീഗും ഇപ്പോൾ പദ്ധതിയുടെ വക്താക്കളായി മാറിയെന്നും ടി.പി രാമകൃഷ്ണൻ കുറ്റപ്പെടുത്തി. ഭരണത്തിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ലീഗിന്റെ സമീപനം സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്നും അദ്ദേഹം വിമർശിച്ചു. ടി.പി. രാമകൃഷ്ണൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ സിപിഐ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
ഒരു തെറ്റ് ബോധ്യപ്പെട്ടാൽ അത് ഉറക്കെ പറയാനും തിരുത്താനുമുള്ള രാഷ്ട്രീയ ആർജവം ഇടതുപക്ഷത്തിന് മാത്രമാണുള്ളതെന്നും, അത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മഹത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.