ന്യൂഡൽഹി: ഊട്ടോളി രാമൻ എന്ന ആനയെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മദപ്പാട് കാരണമാണ് ആനയെ മാറ്റാൻ കഴിയാത്തതെന്ന സംസ്ഥാന സർക്കാരിന്റെ വിശദീകരണത്തെയാണ് കോടതി ചോദ്യം ചെയ്തത്. ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടുണ്ടാകുമോയെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. ആനകളെക്കുറിച്ച് വായിച്ചുള്ള അറിവ് തനിക്കുണ്ടെന്നും ജസ്റ്റിസ് ദിപാങ്കർ ദത്ത പറഞ്ഞു. ഊട്ടോളി രാമന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അടിയന്തരമായി ഹാജരാക്കാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
ആനയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അമൃതാനന്ദമയി മഠവും ഊട്ടോളി സ്വദേശി കൃഷ്ണൻകുട്ടിയും തമ്മിലാണ് നിയമതർക്കം നിലനിൽക്കുന്നത്. ഉടമസ്ഥാവകാശ തർക്കം നിലനിൽക്കെ കോടതി ഉത്തരവ് ലംഘിച്ച് രാമനെ ക്ഷേത്രപരിപാടികളിൽ പങ്കെടുപ്പിക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തെന്നാരോപിച്ച് ജയകൃഷ്ണൻ മേനോനാണ് കൃഷ്ണൻകുട്ടിക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകിയത്.
കഴിഞ്ഞ ജൂണിൽ കേസ് പരിഗണിച്ച സുപ്രീംകോടതി, ആനയെ കസ്റ്റഡിയിലെടുത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ നിർദേശിച്ചിരുന്നു. എന്നാൽ, മദപ്പാട് കാരണം ഉത്തരവ് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ പി.എസ്. സുൽഫിക്കർ അലി കോടതിയെ അറിയിച്ചു. ജൂണിൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ ഇത്രയും കാലം കഴിയാത്തതിനെക്കുറിച്ചും കോടതി ചോദ്യം ഉന്നയിച്ചു. തുടർന്നാണ് ആനയുടെ പുതിയ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.
അമൃതാനന്ദമയി മഠം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരാതി നൽകിയതോടെയാണ് തർക്കം നിയമപോരാട്ടത്തിലേക്ക് കടന്നത്. കെ.വി. സദാനന്ദൻ എന്നയാൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽനിന്ന് കൊണ്ടുവന്ന മധു എന്ന കുട്ടിയാനയെ 2001 സെപ്റ്റംബർ 12-ന് വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ നടയ്ക്കിരുത്തുകയായിരുന്നു. മധുവിന് രാമൻ എന്ന് പേരിട്ടത് മാതാ അമൃതാനന്ദമയിയാണ്. സർക്കാർ രേഖകളിലും ആനയുടെ പേര് രാമൻ എന്നാണ്. ഔദ്യോഗിക രേഖകൾ പ്രകാരം ആനയുടെ ഉടമസ്ഥർ അമൃതാനന്ദമയി മഠമാണ്.
2017-ൽ മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ രാമനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നും തുടർന്ന് പരിപാലനത്തിനും ശുശ്രൂഷയ്ക്കുമായി തൃശൂർ ഊട്ടോളി സ്വദേശിയായ കൃഷ്ണൻകുട്ടിക്ക് കൈമാറിയെന്നുമാണ് മഠത്തിന്റെ വാദം. എന്നാൽ, പാപ്പാന്മാർ ആനയെ ക്രൂരമായി ഉപദ്രവിക്കുന്നതായി അറിഞ്ഞതോടെ രാമനെ തിരികെ നൽകണമെന്ന് മഠം ആവശ്യപ്പെട്ടു. 2017 മുതൽ ആനയെ പരിപാലിച്ചതിന് കൃഷ്ണൻകുട്ടിക്ക് 35 ലക്ഷം രൂപ നൽകാൻ തയ്യാറാണെന്നും മഠം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, ആനയുടെ ഇപ്പോഴത്തെ ഉടമ താനാണെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. 2017-ൽ മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ അമൃതാനന്ദമയി മഠം ആനയെ കെ.വി. സദാനന്ദന് തിരികെ നൽകിയെന്നും ഇഷ്ടദാനമായാണ് കൈമാറിയതെന്നും കൃഷ്ണൻകുട്ടി പറയുന്നു. ആനയെ പരിപാലിക്കാനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ സദാനന്ദൻ പിന്നീട് രാമനെ തനിക്ക് ഇഷ്ടദാനമായി നൽകിയെന്നാണ് അദ്ദേഹത്തിന്റെ വാദം. ഉടമസ്ഥാവകാശം ലഭിച്ചതിനുശേഷമാണ് ആനയ്ക്ക് ഊട്ടോളി രാമൻ എന്ന പേര് നൽകിയതെന്നും കൃഷ്ണൻകുട്ടി അവകാശപ്പെടുന്നു.
ജയകൃഷ്ണൻ മേനോനുവേണ്ടി അഭിഭാഷകരായ സി. ഉണ്ണികൃഷ്ണനും എ. കാർത്തിക്കും ഹാജരായി. കൃഷ്ണൻകുട്ടിക്കുവേണ്ടി അഭിഭാഷകരായ കൃഷ്ണ മോഹനും പ്രേരണ ജെയിനും ഹാജരായി.




