മാനന്തവാടി: ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി. മോഷണം പോയ നിരോധിത പുകയില ഉൽപന്നങ്ങളുടെ ചാക്കുകൾ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കണ്ടെത്തിയത്. സ്റ്റേഷനിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ചാക്കുകൾ കണ്ടെത്തിയത്.
തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന പാൻമസാല ചാക്കുകൾ കൽപ്പറ്റയിലേക്ക് മാറ്റിവെച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് രജിസ്റ്റർ ചെയ്തതിന്റെ അടുത്ത ദിവസം പുലർച്ചെയാണ് ചാക്കുകൾ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തൊണ്ടിമുതൽ മാറ്റുന്നതിനും സൂക്ഷിക്കുന്നതിനും സബിത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചോദ്യംചെയ്യലിൽ സബിത്ത് കുറ്റസമ്മതം നടത്തിയതായും അന്വേഷണ സംഘം അറിയിച്ചു. മോഷ്ടിച്ച തൊണ്ടിമുതൽ എവിടെയെത്തിച്ചുവെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കോടതിയിൽ ഹാജരാക്കിയ ശേഷം സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് കാണാതായത്. സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് ചാക്കുകൾ കടത്തിയത്. സംഭവത്തിൽ സബിത്തിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.




