കോട്ടയം: കോട്ടയം മണിമലയിൽ കാപ്പി കമ്പുകൊണ്ട് തലയ്ക്കടിച്ച് അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. പിതാവിന്റെ കൊലപാതകത്തിൽ ഇയാളുടെ മകൻ സച്ചു സന്തോഷാണ് അറസ്റ്റിലായത്.
കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷിൻറെ ഭാര്യയും മക്കളും താമസിക്കുന്ന ചാരുവേലി ശവക്കോട്ടഭാഗത്തെ വീട്ടിൽ വച്ചായിരുന്നു സംഭവം.
സന്തോഷ് കഴിഞ്ഞ കുറെ നാളുകളായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമല്ല താമസിച്ചിരുന്നത്. ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് ചാരുവേലിയിലെ വീട്ടിലേക്കെത്തിയിരുന്നത്. ഇവിടെ വരുമ്പോഴെല്ലാം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുനെന്ന് നാട്ടുകാർ പറയുന്നു.
സംഭവദിവസവും സന്തോഷ് ചാരുവേലിയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഭാര്യ സിന്ധുവിനെ ഉപദ്രവിച്ചു. ഇതിനിടെയാണ് ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിൻറെ തലയ്ക്കടിച്ചത്. തുടർന്ന് സച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.





