ദുബായ്: വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട് വൻ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് പുരസ്കാരമാണ് ജീവനക്കാർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി നൽകിയത്.
സെപ്റ്റംബർ അവസാന വാരമാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സംഭവം നടന്നത്. വിമാനത്തിന്റെ ക്യാപ്റ്റനായ സ്മിത്ത് മച്ചാറിനെ സഹപൈലറ്റ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ആക്രമണത്തെ ചെറുത്തുനിന്ന ക്യാപ്റ്റൻ വലിയൊരു ദുരന്തം ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴ്പ്പെടുത്തി. വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ പിന്നീട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയാണ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. വിമാനം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നാണ് ആരോപണം. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ക്യാപ്റ്റന്റെയും മറ്റ് ജീവനക്കാരുടെയും ഇടപെടൽ നിർണായകമായി.