നാഗ്പുർ: കഫേ ഉടമ ശിവ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ. ശ്രദ്ധയുടെ സഹോദരി രശ്മി ദുബെയെയും ഇവരുടെ ഡ്രൈവർ ഡാനിഷിനെയും ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും നാഗ്പുർ പോലീസും സംയുക്തമായി അറസ്റ്റ് ചെയ്തു. നാഗ്പുരിൽവെച്ചാണ് മൂന്നുപേരും പിടിയിലായത്.
ലഖ്നൗവിൽ നിരവധി റെസ്റ്റോറന്റുകളുടെ ഉടമയായ ശിവ ശർമ്മ ശ്രദ്ധ ദുബെയുടെ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണാണ് മരിച്ചത്. ശ്രദ്ധയും സഹോദരിയും ചേർന്ന് മകനെ ബ്ലാക്ക്മെയിൽ ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ശിവ ശർമ്മയുടെ മാതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
സംഭവത്തിനുശേഷം ലഖ്നൗവിൽനിന്ന് നേപ്പാളിലേക്ക് കടന്ന പ്രതികൾ പിന്നീട് ആഗ്ര വഴി നാഗ്പുരിലെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇവിടെനിന്ന് വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയശേഷം പ്രതികളെ ലഖ്നൗവിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ഒളിവിൽ കഴിയുന്നതിനിടെ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ശ്രദ്ധ ദുബെ സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവെച്ചിരുന്നു. ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു ശ്രദ്ധയുടെ വാദം. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ യഥാർഥ വസ്തുതകൾ വ്യക്തമാകുമെന്നും അവർ അവകാശപ്പെട്ടിരുന്നു.
ശിവ ശർമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയും ശ്രദ്ധ ദുബെയുടെ പ്രതികരണങ്ങളും കേസിനെ കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മരണത്തിന്റെ സാഹചര്യങ്ങളും കേസിലെ ആരോപണങ്ങളുടെ വസ്തുതകളും വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.