തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വീണാ ജോർജിനെതിരെ ഗൺമാന്റെ മൊഴി വന്നതിനു പിന്നാലെ പരിഹാസവുമായി മന്ത്രി കെ. മുരളീധരൻ. ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
മന്ത്രി പറഞ്ഞിട്ടാണ് താൻ അങ്ങനെ ചെയ്തതെന്ന് ഗൺമാൻ മൊഴി നൽകിയത്. പാവം ഗൺമാൻ ഇപ്പോൾ ഈ കേസിൽ പ്രതിയായെന്നും കെ. മുരളീധരൻ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്ന് മന്ത്രിമാരാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
‘ ആരോഗ്യ മന്ത്രിയെ കണ്ണൂരിൽ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോ വളരെ വ്യക്തമായല്ലോ. ഞാൻ അത്ഭുതപ്പെട്ടു പോവുകയാണ്. ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ?. അതിന് എന്തൊക്കെയാ പറഞ്ഞത്. ഗൺമാന്റെ മൊഴി എന്താ, മന്ത്രി പറഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത് എന്നാണ്. ഇത്രയും നിരുത്തരവാദപരമായി, അതായത് രാഷ്ട്രീയമായിട്ട് ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്ന് മന്ത്രിയാകുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങളാണിത്. ഇപ്പോ എന്താ പാവം ഗൺമാൻ കേസിൽ പ്രതിയായി വരാൻ കാരണം’- മുരളീധരൻ പറഞ്ഞു.
അതേസമയം വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷിന്റെ നിർണായക മൊഴി പുറത്തുവന്ന പശ്ചാതലത്തിലാണ് മന്ത്രിയുടെ പ്രതികരണമെത്തിയത്. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയത് വീണാ ജോർജിന്റെ നിർദേശപ്രകാരമെന്നായിരുന്നു അഭിലാഷിന്റെ മൊഴി. ഇതോടെ അഭിലാഷിനെതിരേയും കേസുണ്ടാകും.