ചെന്നൈ: ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് തിരുനെല്‍വേലിയില്‍ ബിരിയാണി കട സ്ഥാപിച്ച പരസ്യബോര്‍ഡ് വിവാദത്തില്‍. ഗണപതി ബിരിയാണി പാചകം ചെയ്യുന്ന രീതിയിലുള്ള ചിത്രം ഉള്‍പ്പെടുത്തിയ പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
തിരുനെല്‍വേലി നഗരത്തിലെ വി.എം. ചത്രം പാലത്തിന് സമീപമുള്ള ബിരിയാണി കടയാണ് ‘അറബിക് സ്‌റ്റൈല്‍ ചിക്കന്‍ 65 ബിരിയാണി’ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ബാനര്‍ സ്ഥാപിച്ചത്. സെപ്റ്റംബര്‍ 13, 14 തീയതികളില്‍ 99 രൂപയ്‌ക്ക് ബിരിയാണി ലഭിക്കുമെന്നായിരുന്നു പരസ്യം. എന്നാല്‍ ബാനറില്‍ ഗണപതി ബിരിയാണി പാചകം ചെയ്യുന്ന രീതിയിലുള്ള ചിത്രം ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.
പരസ്യത്തെക്കുറിച്ച് അറിഞ്ഞതോടെ ഹിന്ദു മുന്നണി ഭാരവാഹികളും പ്രവര്‍ത്തകരും കടയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു. പരസ്യം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ബാനര്‍ നീക്കം ചെയ്യണമെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായി. മതവികാരങ്ങളെ മാനിക്കണമെന്ന ആവശ്യമാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നത്. തുടര്‍ന്ന് തിരുനെല്‍വേലി സിറ്റി പൊലീസ് സ്ഥലത്തെത്തി വിവാദ പരസ്യബാനര്‍ നീക്കം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.






