കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെച്ചൊല്ലി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ രൂക്ഷമായ വാക്പോര്. അപകടത്തിൽ മരിച്ച പെൺകുട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ വാർത്താസമ്മേളനം നടത്തിയ കുടുംബത്തിനെതിരെ ‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്??? സർവ്വമംഗളാനീ ഭവന്തു’ എന്ന പ്രതികരണവുമായി ശശികല ടീച്ചർ രംഗത്തെത്തി.
തനിക്കെതിരെ ആരോപണം ഉന്നയിച്ച കുടുംബത്തിന്റെ വാർത്താസമ്മേളനം കണ്ട ശേഷമാണ് ശശികല ടീച്ചർ ഫെയ്സ്ബുക്കിലൂടെ മറുപടി കുറിച്ചത്. നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് ഗോപിക മരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള അപവാദ പ്രചരണങ്ങൾ നടന്നിരുന്നു. ഇതിനു പിന്നിൽ കാറോടിച്ച പ്രതിയുടെ കുടുംബമാണെന്ന് ചൂണ്ടിക്കാട്ടി ഗോപികയുടെ പിതാവും കുടുംബവും വാർത്താസമ്മേളനം നടത്തിയിരുന്നു. മകൾക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ ‘വിഷകല’ എന്ന പ്രയോഗം നടത്തിയതിനെ പരിഹസിച്ച ശശികല ടീച്ചർ, പെൺമക്കളുടെ എല്ലാ രക്ഷിതാക്കളോടും താൻ മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കി.
നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണമെന്ന് പറഞ്ഞതിനാണ് മാപ്പ് പറയുന്നതെന്നും, അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണമെന്നും രാത്രി പകലാക്കാമെന്നും നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെയെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് തനിക്കെന്നും, ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയതെന്നും അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ എന്നും ശശികല ടീച്ചർ ചോദിച്ചു.