കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ സിനിമയുടെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട രഞ്ജിനി ഹരിദാസിന്റെ വിഡിയോയാണ് ചർച്ചയാകുന്നത്. ടൊവിനോ തോമസും ബേസിൽ ജോസഫുമടക്കമുളള താരങ്ങളെ കാണാൻ ആയിരങ്ങളാണ് ബീച്ചിൽ തടിച്ചു കൂടിയത്. രഞ്ജിനിയായിരുന്നു പരിപാടിയുടെ അവതാരക. വൻ ജനാവലി വന്നതോടെ തിക്കിലും തിരക്കിലും കുറച്ച് കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു.
കുട്ടികളെ കാണാനില്ലെന്ന മാതാപിതാക്കളുടെ ആശങ്ക സിനിമയുടെ അണിയറ പ്രവർത്തകരോട് പങ്കുവച്ചതോടെ അവതാരകയായ രഞ്ജിനി ഹരിദാസ് ഇടപെടുകയായിരുന്നു
ഷോ നടക്കുന്നതിന്റെ ഇടയിൽ കുട്ടികളെ കാണാനില്ലെന്ന അറിയിപ്പ് രഞ്ജിനി മൈക്കിലൂടെ നൽകി. എന്നാൽ കാണികളിൽ ചിലർ ഈ അറിയിപ്പ് വെറും പരിഹാസമാക്കി. അതിൽ നിന്നൊരാൾ മോശം കമന്റ് പറഞ്ഞതോടെ രഞ്ജിനി കടുത്ത രീതിയിൽ തന്നെ പ്രതികരിച്ചു.
‘‘നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ, അങ്ങനെ? എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്ക് ഒരെണ്ണം. അവന്റെ മുഖം ഞാൻ മറക്കില്ല.’’–രഞ്ജിനിയുടെ വാക്കുകൾ.
രഞ്ജിനിയുടെ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇങ്ങനെ വേണം അവതാരകരെന്നും രഞ്ജിനി അല്ലാതെ മറ്റേതെങ്കിലും അവതാരകർ ആയിരുന്നെങ്കിൽ ഈ പ്രശ്നം കൈവിട്ടുപോകുമായിരുന്നുവെന്നും പരിപാടിയിൽ പങ്കെടുത്തവർ തന്നെ കമന്റുകളായി കുറിച്ചു.
















































