തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ 1,582 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായി ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച നിരവധി പേർ ഇപ്പോഴും സ്വന്തം സമ്പാദ്യം തിരിച്ചുകിട്ടാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഇനിയും കേരളത്തിന് ആവശ്യമുണ്ടോ, അതോ ഈ സാഹചര്യം അവസാനിപ്പിക്കണമോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ പങ്കെടുത്ത സഹകരണ വാരാഘോഷ പരിപാടി സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തുകയും എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറിയെ മർദിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പത്തുവർഷത്തിനിടെ സഹകരണ ബാങ്കുകളിൽ 1,582 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയത്. 450 സഹകരണ സംഘങ്ങൾക്ക് നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. 251 സംഘങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 550 കോടി രൂപയുടെ ഇടപാടുകൾ ഉൾപ്പെടുന്ന 27 സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 128 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. തന്റെ നിയമസഭാ മണ്ഡലമായ നേമത്ത് മാത്രം 1,200-ലധികം നിക്ഷേപകർ പണം തിരികെ ലഭിക്കാനായി കാത്തിരിക്കുകയാണ്. ഇവർക്ക് ലഭിക്കാനുള്ള ആകെ തുക ഏകദേശം 108 കോടി രൂപയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നിക്ഷേപകരെ സഹായിക്കുന്നതിന് സർക്കാരിന്റെ റിസ്ക് ഫണ്ടിൽ നിലവിൽ വ്യവസ്ഥകളില്ലെന്നും അദ്ദേഹം ആരോപിച്ചു.
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ അവസാനിപ്പിച്ച് അവയെ ശുദ്ധീകരിക്കുമെന്നും നിക്ഷേപകർക്ക് നീതി ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സഹകരണ ബാങ്കുകളിലും സഹകരണ സംഘം രജിസ്ട്രാർ ഓഫീസുകളിലും ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുമെന്നത് ബിജെപിയുടെ ‘വികസിത കേരളം’ വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂഷണത്തിന് അറുതിവരുത്തി സഹകരണ സ്ഥാപനങ്ങളെ ജനങ്ങളുടെ വിശ്വാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.