കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് നടപടി കടുപ്പിച്ചു. തൃക്കരിപ്പൂരിലെ സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയിലും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയിലുമായി രണ്ട് ജാമ്യമില്ലാ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ച കേസിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകൻ മുഹമ്മദ് സർഫ്രാസിനെ മർദിച്ചെന്ന പരാതിയിൽ 12 പേർക്കെതിരെയുമാണ് കേസ്.
കാഞ്ഞങ്ങാട്ട് 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. നീലേശ്വരം സംഘർഷവുമായി ബന്ധപ്പെട്ട് ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിലാണ്. ചന്തേര പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും നീലേശ്വരം, ഹൊസ്ദുർഗ് സ്റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തത്. കേസുകളിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.




