ആലപ്പുഴ: എടത്വയിൽ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടനെയാണ് (30) ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുൻപാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
അതേസമയം നാലുമാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. തുടർന്ന് ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചിരുന്നു. കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. അതുപ്രകാരം സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല.
തുടർന്ന് ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പോലീസുമായും ബന്ധപ്പെട്ടു. ഇതിനിടെ ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം മരിക്കുമ്പോൾ മൂന്നു മാസം ഗർഭിണിയായിരുന്നു ഹരീഷ്മ. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.



















































