തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 3.93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവീക്ഷേത്രത്തിന് സമീപം രോഹിണി നിവാസിൽ ശ്രീജിത്ത് (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പണവും ഫോട്ടോകളും കൈക്കലാക്കി വഞ്ചിച്ചെന്നാണ് പരാതി. മാർച്ച് 11 മുതൽ സെപ്റ്റംബർ 16 വരെയുള്ള കാലയളവിൽ പലതവണയായി 3,93,000 രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.
സമാനമായ കേസിൽ പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്തത്തി സംഭവലും പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. അന്ന് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് യുവതിയെ പരിചയപ്പെട്ടത്. ജയിൽ മോചിതനായ ശേഷമാണ് പുതിയ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ ഏഴോളം യുവതികളെ സമാനരീതിയിൽ കബളിപ്പിച്ചതായി പ്രതി മൊഴി നൽകിയെന്നും പൊലീസ് അറിയിച്ചു.
എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒമാരായ റെജിൻ, സാബു, ഗോഡ്വിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




