ആലപ്പുഴ: മിനി കൂപ്പർ അപകടക്കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്. മന്ത്രി എം. ലിജു നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. അപകടക്കേസിലെ പ്രതിയെ സഹായിക്കാൻ ലിജു ശ്രമിച്ചെന്ന ജെയിംസിന്റെ ആരോപണത്തിനെതിരെയാണ് നടപടി.
മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്തെന്നാരോപിച്ചാണ് ലിജു പോലീസിനെ സമീപിച്ചത്. ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കാണ് മന്ത്രി പരാതി നൽകിയത്.
നേരത്തേ ഡെപ്യൂട്ടി സ്പീക്കർ ഷാ നിമോൾ ഉസ്മാൻ, കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ എന്നിവരുടെ പരാതികളിലും ജെയിംസിനെതിരെ പോലീസ് കേസെടുത്തിരുന്നു.
അതേസമയം, സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തെന്നാരോപിച്ച് ഷബീർ ഇബ്നു സലീമിനെതിരെയും മന്ത്രി എം. ലിജു ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.