ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തിയ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വി ഡി സതീശനെ അനുകൂലിക്കുന്ന കോക്കസിൽ പെട്ടവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത് . ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്ന ഘട്ടത്തിൽ കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ച ഗൂഢസംഘത്തിൽ പെട്ടവരാണ് പ്രതികൾ. കെ സി വേണുഗോപാലിനെതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാമാണ് പൊലീസിൽ പരാതി നൽകിയത്.
സംസ്ഥാന പൊലീസ് മേധാവിക്കാണ് ജോൺസൺ എബ്രഹാം ആദ്യം പരാതി നൽകിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം വിഷയത്തിൽ അന്വേഷണം നടത്താൻ പൊലീസ് സൈബർ വിഭാഗം ഐജിയെ ചുമതലപ്പെടുത്തി. ആ അന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ച് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.




