പത്തനംതിട്ട: പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാല് പേർ പിടിയിൽ. തുമ്പമൺ സ്വദേശി അജയൻ (49) ആണ് യുവാക്കളുടെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി നൽകിയത്. ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലീസ് പിടികൂടിയത്.
പ്രധാന പ്രതിയായ ദീപക് ജോയിയെ ഇടുക്കി ചെറുതോണിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ദീപക്കിനെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഇവരെയും പൊലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. ദീപക് ജോയിയുടെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിന്റെ പ്രതികാരമായാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കിയതടക്കമുള്ള പീഡനമുറകൾ സംഘം പ്രയോഗിച്ചെന്നാണ് അജയന്റെ പരാതിയിലുള്ളത്.
സംഭവത്തിൽ അജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട എസ്പി ആനന്ദിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. പന്തളം സിഐ ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്ഒ എബിൻ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
സിവിൽ പൊലീസ് ഓഫീസർമാരായ എസ്.എൻ. വർഷ, അരുൺ ബാല, അഖിൽ ഒ, കൃഷ്ണലാൽ, വിജയ് കൃഷ്ണൻ, അനൂപ് ആർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.



