കണ്ണൂർ: കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വിശദീകരണം. 40,000 കോടിയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും അടുത്തയാണ് ഇപ്പോൾ വികസനം ഉണ്ടാകുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ എടുത്താൽ കണ്ണൂർ വിമാനത്താവളത്തിനടുത്താണ് കൂടുതൽ സ്ഥലമുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഭാവി മുന്നിൽ കണ്ടാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ അതിനെ തെറ്റായി ചിത്രീകരിക്കുന്നു. മാത്രമല്ല സ്ഥലം ഏറ്റെടുത്തതിൽ അഞ്ചിരട്ടി ചെലവാക്കി എന്ന് പറയുന്നു. ഇതിനെല്ലാം കടുത്ത വാക്കുകളിൽ മറുപടി പറയേണ്ടതാണ്. കിഫ്ബിയുടെ മേശ വലിപ്പിൽ നിന്നല്ല പണമെടുത്ത് നൽകുന്നത്,’ എന്നും പിണറായി വിജയൻ പരിഹസിച്ചു.
മുഖ്യമന്ത്രി വി.ഡി സതീശൻ തെറ്റായ വാദം ഉയർത്തുമ്പോൾ ഇവിടുത്തെ നിഷ്പക്ഷ മാധ്യമങ്ങൾ എന്തെങ്കിലും ചോദിച്ചോ? എന്നും പിണറായി ആരാഞ്ഞു. അതാണ് ഇന്നത്തെ അവസ്ഥ. ഇക്കാര്യങ്ങൾ എല്ലാം സർക്കാരാണ് നോക്കുന്നത്. പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയാണ് ഭൂമി ഏറ്റെടുത്തത്. സ്ഥലമുള്ളത് കൊണ്ടാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത്. കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഒരു പ്രത്യേക വിഷമമെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുയർത്തി. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ? ഒരു സർക്കാരിന് ചേരാത്ത നിലയിൽ ആരോപണങ്ങൾ ഉന്നയിക്കാൻ പാടുണ്ടോ? മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാട്ടിൽ വികസനം നടപ്പാക്കിയില്ലേ? യുഡിഎഫ് സർക്കാർ ആരെയെങ്കിലും ഒഴിവാക്കിയോ എന്നും പിണറായി വിജയൻ ചോദിച്ചു.
ഇന്നത്തെയോ നാളത്തെയോ കാര്യം മാത്രമല്ല സർക്കാർ ചിന്തിക്കുക. അടുത്ത് വർഷത്തേക്ക് കൂടി ചിന്തിക്കും. സർക്കാരിന്റെ ആകെ കാര്യങ്ങൾക്ക് ഉതകുന്ന സ്ഥലമാണ് എടുത്തുവെക്കുന്നത്. അതിനെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചു. സർക്കാർ താത്പര്യം അനുസരിച്ചായിരിക്കും കമ്മീഷൻ റിപ്പോർട്ട് നൽകിയതെന്നും പിണറായി ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കനത്ത തോതിൽ പരാജയം നേരിട്ടു. ആ സമയത്ത് വലതുപക്ഷം മതി മറന്ന് ആഘോഷിച്ചു. സിപിഎം തകരുകയാണെന്ന പ്രചാരണം ഉണ്ടായി. എന്നാൽ തങ്ങൾ വിജയത്തിൽ മതി മറന്ന് ആഘോഷിക്കുകയോ പരാജയത്തിൽ നിരാശയിലാവുകയോ ചെയ്യാറില്ല. തിരുത്തി പോകുന്നതിലാണ് ശ്രദ്ധ നൽകാറുള്ളത്. തിരിച്ചടി വലുതായിരുന്നുവെങ്കിലും എല്ലാം മറികടക്കാമെന്ന ആത്മവിശ്വാസമാണ് പാർട്ടിക്ക് ഉണ്ടായത്. അങ്ങനെ എഴുതി തള്ളാവുന്നതല്ലെന്നും എതിരാളികൾക്ക് സമ്മതിക്കേണ്ടി വന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം കിഫ്ബി ആരോപണത്തിൽ വിദഗ്ധ സമിതിക്കെതിരെ ജോൺ ബ്രിട്ടാസ് എംപിയും രൂക്ഷവിമർശനം ഉന്നയിച്ചു. ഇവർക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ലെന്നും കണ്ണൂർ പാക്കിസ്ഥാനിലാണോയെന്നും ബ്രിട്ടാസ് ചോദിച്ചു. മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞത് ആനമണ്ടത്തരമാണെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.