കൊച്ചി: പാർക്ക് അവന്യു റോഡിലെ സെന്റ് തെരേസാസ് കോളജ് ബസ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ ശ്രമിച്ച പുത്തൻവേലിക്കര സ്വദേശി അജിതയ്ക്ക് (59) ജീവനക്കാരുടെ അശ്രദ്ധ കാരണം ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ സജിമോൻ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഓഗസ്റ്റ് 31നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
യാത്രക്കാരി പൂർണമായി ബസിൽ കയറുന്നതിന് മുൻപ് ഡോർ അടയ്ക്കാതെ ഡ്രൈവർ പെട്ടെന്ന് വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. ബാലൻസ് തെറ്റി താഴെ വീഴാൻ പോയ അജിത ഡോറിന്റെ സൈഡിൽ പിടിച്ചെങ്കിലും ജീവനക്കാർ വാതിൽ അശ്രദ്ധമായി ബലമായി അടച്ചതോടെ ഇവരുടെ ഇടതു കൈ ഇടയിൽ കുടുങ്ങി വിരലുകളുടെ എല്ലുകൾ പൊട്ടുകയും കൈപ്പത്തിക്ക് ഗുരുതരമായി ചതവ് പറ്റുകയും ചെയ്തു.
തുടർന്ന് ചികിത്സയിലായിരുന്ന അജിത കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പോലീസ് സജിമോൻ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. അതേസമയം 350 ലേറെ പെറ്റിക്കേസുകളിൽ ബസ് ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ബസുകൾ തമ്മിൽ നടത്തിയ മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരിയായ ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടതും, ഓട്ടോ ഡ്രൈവറെ മർദിച്ചതും, പാട്ടു ഉച്ചത്തിൽ വച്ചത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയെ ഇറക്കിവിട്ടതുമടക്കം ഒട്ടേറെ അക്രമസംഭവങ്ങളിൽ ഈ ബസ് ജീവനക്കാർ പ്രതികളാണ്.




