ന്യൂഡൽഹി: ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കം വിവാദത്തിൽ. ലഷ്കറെ തൊയിബ ഭീകരൻ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ ഇന്ത്യൻ സൈന്യം വധിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്, ഹാഷിം മൂസയാണെന്ന് അവകാശപ്പെട്ട് പാക് സൈന്യം ഒരാളെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ, പാക് സൈന്യം അവതരിപ്പിച്ചയാൾ ഹാഷിം മൂസയല്ലെന്ന ആരോപണവുമായി സ്വതന്ത്ര ഓപ്പൺ സോഴ്സ് അന്വേഷണ സംഘങ്ങളും പ്രതിരോധ മേഖലയിലെ നിരീക്ഷകരും രംഗത്തെത്തി.
ജമ്മുകശ്മീരിലെ ബുദ്ഗാം ജില്ലയിലെ യുഷ്മർഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസ കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ലഷ്കറെ തൊയിബയുടെ പ്രധാന കമാൻഡറായിരുന്ന ഇയാൾ പഹൽഗാം ഭീകരാക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ടിരുന്നതായും വിവിധ ഭീകരാക്രമണങ്ങളിൽ പങ്കുണ്ടായിരുന്നതായും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്ത്യയുടെ അവകാശവാദം തള്ളാനാണ് പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐഎസ്പിആർ മുഹമ്മദ് ആസിഫ് എന്ന പേരിലുള്ള മുൻ എസ്‌എസ്‌ജി ഹവിൽദാറെ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത്. 2000ൽ പാകിസ്ഥാൻ സൈന്യത്തിൽ ചേർന്നതായും 2023ൽ വിരമിച്ചതായും താൻ ജീവനോടെയുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. പാക് സൈന്യത്തിന്റെ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരിക്കൊപ്പമാണ് ഇയാൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
എന്നാൽ, അവതരിപ്പിക്കപ്പെട്ട വ്യക്തിയുടെ മുഖസാദൃശ്യത്തിൽ തന്നെ സംശയങ്ങളുണ്ടെന്നാണ് ഇന്ത്യ അനുകൂല ഓപ്പൺ സോഴ്സ് അന്വേഷണങ്ങളിൽ ഉയർന്ന വാദം. ഹാഷിം മൂസയുടേതെന്ന് നേരത്തെ പുറത്തുവന്ന ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ പാക് സൈന്യം അവതരിപ്പിച്ച വ്യക്തിയുടെ ചിത്രങ്ങളും താരതമ്യം ചെയ്തതിൽ മുഖത്തിന്റെ ആകൃതി, മൂക്ക്, ചെവി, കണ്ണുകളുടെ സ്ഥാനം തുടങ്ങിയവയിൽ വ്യത്യാസങ്ങളുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഈ താരതമ്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട ഫോറൻസിക് പരിശോധനകളല്ലെന്നതും ശ്രദ്ധേയമാണ്.
മറുവശത്ത്, ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം തെറ്റാണെന്നും താൻ തന്നെയാണ് മുൻ എസ്‌എസ്‌ജി ഹവിൽദാർ മുഹമ്മദ് ആസിഫെന്നും പാകിസ്ഥാൻ സൈന്യം ആവർത്തിച്ചു. ഇന്ത്യയുടെ അവകാശവാദത്തെ ‘ഫോൾസ് ഫ്ലാഗ്’ നീക്കമെന്നാണ് പാക് സൈന്യം വിശേഷിപ്പിച്ചത്.
പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിലുണ്ടായിരുന്ന പ്രധാന ലഷ്കർ കമാൻഡറായിരുന്നു ഹാഷിം മൂസയെന്ന് ഇന്ത്യൻ അധികൃതർ പറയുന്നു. 2022 മുതൽ ജമ്മുകശ്മീരിൽ പ്രവർത്തിച്ചിരുന്ന നാല് അംഗ ലഷ്കർ സംഘത്തിലെ അവസാനമായി അവശേഷിച്ചിരുന്ന കമാൻഡറായിരുന്നു ഇയാളെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.




