തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യ. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും പി.പി ദിവ്യ ഫേസ്ബുക്കില്‍ പ്രതികരിച്ചു. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ദിവ്യ പറഞ്ഞു. അന്വേഷണം നടക്കട്ടെ. സത്യങ്ങള്‍ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും.
തനിക്ക് ഒന്നും ഒളിക്കാനില്ല, ആരെയും ഭയക്കാനുമില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. തന്റെ പേരിലോ ഭര്‍ത്താവിന്റെ പേരിലോ ബിനാമിയായുള്ള മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കില്‍ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്നും ദിവ്യ പരിഹസിച്ചു. അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിര്‍ത്തിവെക്കാന്‍ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല. രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങള്‍ക്കും ഇനി ഒരറുതി വേണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പി.പി ദിവ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികളില്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയെന്ന പരാതിയിലാണ് നടപടി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം. മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.