കണ്ണൂർ: സിപിഎമ്മുമായുള്ള അകൽച്ച പ്രകടമാക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന പി.പി. ദിവ്യ. ‘ഒരിക്കൽ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെ’ന്ന് കുറിക്കുന്ന പോസ്റ്റിൽ പാർട്ടിയുമായുള്ള അകൽച്ചയുടെ സൂചനകളാണുള്ളത്.
രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് എഴുതുന്ന തുടർ കുറിപ്പുകളുടെ മുന്നോടിയായാണ് ഫേയ്ബുക്കിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് എന്നാണ് സൂചന. ഒരിക്കൽ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ലെന്നും ഒരു കരയിൽനിന്ന് മറുകരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ലെന്നും അവർ കുറിപ്പിൽ പറയുന്നു.
അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, ജീവിതം പഠിപ്പിച്ച പാഠമാണെന്നും ബുദ്ധൻ്റെ കഥ സൂചിപ്പിച്ചുകൊണ്ട് ദിവ്യ പറയുന്നു. നീതി വൈകും. പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും കുറിപ്പിൽ പറയുന്നു. കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ രാജിയിൽ കലാശിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽനിന്ന് അവരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൂർത്തിയായ സി.പി.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് പരിഗണനയൊന്നും ലഭിച്ചിരുന്നില്ല.