ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ദിൻജ്പുരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതി കുട്ടിയുമായി സൈക്കിളിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പിങ്ക് ഷർട്ടും കറുത്ത പാന്റും ധരിച്ച പ്രതി സൈക്കിൾ ചവിട്ടുന്നതും പെൺകുട്ടി പിന്നിലിരുന്ന് യാത്ര ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെവെച്ച് കുട്ടിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
പ്രതിക്ക് പെൺകുട്ടിയുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടി ഇയാളെ ‘ജേതു’ (അമ്മാവൻ) എന്നായിരുന്നു വിളിച്ചിരുന്നത്. സംഭവത്തിനുശേഷം പെൺകുട്ടിയെ കാണാതായി. കുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തുന്നതിനിടെ പ്രതി പെൺകുട്ടിയുടെ പിതാവിൽനിന്ന് 300 രൂപ വാങ്ങിയതായും വിവരമുണ്ട്. കുട്ടിയെ കണ്ടെത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. എന്നാൽ, രണ്ട് ദിവസത്തിനുശേഷം കുളിക് നദിക്ക് സമീപത്തെ വനമേഖലയിൽനിന്ന് പെൺകുട്ടിയുടെ നഗ്നയായി ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുടുംബം ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി പരാതി നൽകി.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. നാല് ദിവസമായി ഇയാളെ കണ്ടെത്താൻ ശ്രമിച്ചുവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ഗൗരി ഗ്രാമപഞ്ചായത്ത് മേഖലയിലാണ് പ്രതി ഒളിവിൽ കഴിയുന്നതെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തി. ബംഗാൾ-ബിഹാർ അതിർത്തിക്ക് സമീപമുള്ള പരാപുകുറിൽ പ്രതിയെ കണ്ടെത്തിയതായാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്.
പോലീസ് സംഘത്തെ കണ്ട പ്രതി വെടിയുതിർത്തതായും വെടിയുണ്ട പോലീസ് വാഹനത്തിന്റെ ടയറിൽ പതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ പോലീസ് സ്വയംരക്ഷയ്ക്കായി തിരിച്ചുവെടിയുതിർത്തു. വെടിവെപ്പിൽ പരിക്കേറ്റ പ്രതിയെ റായ്ഗഞ്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
“കഴിഞ്ഞ നാല് ദിവസമായി പ്രതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗാൾ-ബിഹാർ അതിർത്തിക്ക് സമീപമുള്ള പരാപുകുറിൽ ഇയാളെ കണ്ടെത്തി. പ്രതി പോലീസ് സംഘത്തിനുനേരെ വെടിയുതിർത്തു. തുടർന്ന് സ്വയംരക്ഷയ്ക്കായി തിരിച്ചടിക്കുകയായിരുന്നു”, മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ പ്രതികരിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പോലീസിന്റെ നടപടിയെ ന്യായീകരിച്ചു. എല്ലാ പ്രതികളെയും പോലീസ് വെടിവെക്കാറില്ലെന്നും പോലീസിനുനേരെ ആക്രമണമുണ്ടാകുമ്പോൾ സ്വയംരക്ഷയ്ക്കായി തിരിച്ചടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, ബംഗ്ലാദേശിൽനിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കേസുകളിൽ നടപടിയെടുക്കാൻ മേലുദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്നും പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങളോട് സർക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.