കോട്ടയം: ബിജെപിയുമായി ഏറ്റുമുട്ടാൻ താനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഉപരാഷ്ട്രപതിയെയും സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ തിരുത്തിയിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു.
”സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി’ എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്. എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുകാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സുകുമാരന്‍ നായര്‍ക്കൊപ്പമുള്ള ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കേരള സന്ദര്‍ശനത്തിനിടെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന ആരോപണത്തിലായിരുന്നു ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഇന്നലെ സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷമായി രംഗത്ത് വന്നത്.
നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നായിരുന്നു ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദന പരിപാടിക്കിടയിലെ അദ്ദേഹത്തിന്റെ വിമര്‍ശനം. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണ്. താനാണ് ജനറല്‍ സെക്രട്ടറി, ഇന്നയാള്‍ വരരുത് എന്ന് പറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവര്‍ക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും സി.പി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















































