ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച സഹപൈലറ്റ് ഇസ്ലാമിക തീവ്രവാദ ആശയങ്ങളിലേക്ക് വഴുതിയിരുന്നുവെന്നും വിമാനം യാത്രക്കാരടക്കം തകർക്കാനായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും നിർദേശമുണ്ടായിരുന്നോ എന്നും അന്വേഷിച്ചുവരികയാണെന്നും, അത്തരത്തിൽ ആരെങ്കിലും ഇയാളെ അയച്ചതായി കണ്ടെത്തിയാൽ “വളരെ കനത്ത വില നൽകേണ്ടിവരുമെന്നും” നെതന്യാഹു മുന്നറിയിപ്പ് നൽകി.
“സമയം കടന്നുപോകുന്തോറും ചിത്രം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. സ്മിത് മച്ചാറും അദ്ദേഹത്തിന്റെ ധീരരായ സഹപ്രവർത്തകരും 9/11ന് സമാനമായ ഒരു ദുരന്തമാണ് ഒഴിവാക്കിയത്. ആക്രമി ഇസ്ലാമിക തീവ്രവാദ ആശയങ്ങളിലേക്ക് റാഡിക്കലൈസ് ചെയ്യപ്പെട്ടിരുന്നു. വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഉൾപ്പെടെ വിമാനം തകർക്കാനായിരുന്നു അവന്റെ ഉദ്ദേശ്യം. അയാളെ ആരെങ്കിലും അയച്ചതാണോ എന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്. അങ്ങനെ അയച്ച വ്യക്തിയോ സംഘമോ ആരായാലും വലിയ വില നൽകേണ്ടിവരും,” അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം. 174 പേർ യാത്ര ചെയ്തിരുന്ന വിമാനത്തിൽ സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് വിമാനം 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് പതിച്ചു.
ഗുരുതരമായി പരുക്കേറ്റിരുന്നിട്ടും മച്ചാർ കോക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും ജീവനക്കാരും കോക്പിറ്റിൽ പ്രവേശിച്ച് ആക്രമിയെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന ഡ്യൂട്ടിയിലല്ലാത്ത രണ്ട് ഫ്ലൈദുബായ് പൈലറ്റുമാർ തുടർന്ന് നിയന്ത്രണം ഏറ്റെടുത്തു. വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.
ആക്രമണത്തിന് ശേഷം സഹപൈലറ്റിനെ ചോദ്യം ചെയ്തുവരികയാണെന്നും ഇസ്രയേൽ അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തിട്ടുണ്ടെന്നും നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ഇയാൾ ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽ നിന്ന് സ്വാധീനം നേടിയതായാണ് ഇതുവരെ ലഭിച്ച വിവരമെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു. സഹപൈലറ്റ് ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നുവെന്ന സൂചനകളും പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചതായി നെതന്യാഹു പറഞ്ഞു. “അയാൾ നിലത്ത് കിടന്ന് ‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ’ എന്ന് ജീവനക്കാരോട് വിളിച്ചുപറയുകയായിരുന്നു. അതിനാൽ അയാൾ ആത്മഹത്യാ മനോഭാവത്തിലായിരുന്നുവെന്നും വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും വ്യക്തമാണ്,” നെതന്യാഹു പറഞ്ഞു.
അതേസമയം, ആക്രമണത്തിന്റെ യഥാർഥ ലക്ഷ്യവും സംഭവത്തിന് പിന്നിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിരുന്നോ എന്നതും ഇതുവരെ അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ സാഹചര്യങ്ങളും ആക്രമണത്തിന്റെ ഉദ്ദേശ്യവും സംബന്ധിച്ച് യുഎഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് സംഭവത്തെ അപകടകരമായ ഭീകരപ്രവർത്തനം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും അദ്ദേഹം പ്രശംസിച്ചു.
“അപകടകരമായ ഒരു ഭീകരപ്രവർത്തനത്തെയും അതിലൂടെ സംഭവിക്കാവുന്ന വലിയ ദുരന്തത്തെയും നേരിട്ട സ്മിത് മച്ചാർ യഥാർഥ ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അർഥം തെളിയിച്ചു,” ഗർഗാഷ് പറഞ്ഞു. മുംബൈയിലെ ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചും സംഭവത്തെ ഭീകരാക്രമണമെന്നാണ് വിശേഷിപ്പിച്ചത്. ഇത് ഒരു ഭീകരാക്രമണമാകാമെന്ന് ഞാൻ കരുതുന്നില്ല. ഇത് ഭീകരാക്രമണം തന്നെയാണ്. അതിൽ സംശയത്തിനോ ചോദ്യത്തിനോ പോലും ഇടയില്ല,” അദ്ദേഹം എഎൻഐയോട് പറഞ്ഞു. മച്ചാറിന്റെ അസാധാരണമായ ധൈര്യത്തെയും ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും മച്ചാറിനെയും നെതന്യാഹു നേരത്തെയും പ്രശംസിച്ചിരുന്നു. മുഴുവൻ വിമാനവും തകർന്നേക്കാവുന്ന 9/11 മാതൃകയിലുള്ള ദുരന്തമാണ് അവരുടെ ധീരമായ ഇടപെടൽ ഒഴിവാക്കിയതെന്ന് അദ്ദേഹം സിബിഎസ് ന്യൂസിനോട് പറഞ്ഞു. അതേസമയം അബുദാബിയിൽ ചികിത്സയിൽ കഴിയുന്ന മച്ചാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെടാൻ തുടങ്ങിയ നിമിഷം ഓർത്തെടുത്ത മച്ചാർ പറഞ്ഞത് ഇങ്ങനെയായിരുന്നു: “വിമാനം താഴേക്ക് പോകുകയാണെന്ന് എനിക്ക് മനസിലായി. ഞാൻ നിലത്തേക്ക് വീണിരുന്നു. വാതിൽ തൊട്ടടുത്താണെന്ന് ഞാൻ സ്വയം പറഞ്ഞു. അത് തുറക്കുക. എനിക്ക് അത് തുറക്കാൻ കഴിഞ്ഞു, തുടർന്ന് ആളുകൾ അകത്തേക്ക് പ്രവേശിച്ചു.”
അതേസമയം സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനാൽ ആക്രമണത്തിന്റെ പിന്നിലെ കൃത്യമായ ഉദ്ദേശ്യം, സഹപൈലറ്റിന്റെ റാഡിക്കലൈസേഷന്റെ സ്വഭാവം, പുറത്തുനിന്നുള്ള സഹായമോ നിർദേശമോ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത അന്വേഷണത്തിനുശേഷമേ ലഭിക്കൂ.




