കാസർകോട്: കഴിഞ്ഞ 11ന് നെല്ലിക്കുന്ന് കസബ ബീച്ചിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്തതെന്ന് പോലീസ്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും കണ്ട അസാധാരണ തുന്നലുകളും മുറിവുകളും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പോസ്റ്റ്‌മോർട്ടത്തിന്റെ ഭാഗമാണിതെന്ന് വ്യക്തമായതെന്നും പോലീസ് പറയുന്നു.
മാത്രമല്ല കേരളത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹമല്ല ഇതെന്നും കണ്ടെത്തലുണ്ട്. കർണാടകയിലോ ഗോവയിലോ ആകാം എന്നാണ് കരുതുന്നത്. 45 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് നെല്ലിക്കുന്ന് സായ് ബീച്ചിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയിൽപ്പെട്ട് ഒഴുകിയെത്തിയതാണോ എന്നതടക്കം തീരദേശ പോലീസ് പരിശോധിക്കുകയാണ്.


















































