ആലപ്പുഴ: മുസ്ലിം ഇതര സമുദായത്തിൽനിന്നുള്ള ഒരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും മുൻ സി.പി.എം നേതാവുമായ ശ്യാം സുന്ദറിനാണ് പാർട്ടിയിൽ പുതിയ ചുമതല. ‘ഒരാൾക്ക് ഒരു പദവി’ നയം നടപ്പാക്കിയതിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത നേതാക്കൾക്കും പുതിയ ചുമതലകൾ നൽകി.
നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ശ്യാം സുന്ദറിനെയാണ് വൈസ് പ്രസിഡന്റായി നിയമിച്ചത്. നേരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററായും അഖിലേന്ത്യാ നേതൃത്വത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എമ്മിൽ വിഭാഗീയത ശക്തമായിരുന്ന 2009ലാണ് ശ്യാം സുന്ദർ മുസ്ലിം ലീഗിലെത്തിയത്. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള ലീഗ് സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മതേതര നിലപാടുകളിൽനിന്ന് ലീഗ് പിന്നോട്ടുപോയിട്ടില്ലെന്നും തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും ശ്യാം സുന്ദർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ദളിത് നേതാവായ യു.സി. രാമൻ സംസ്ഥാന സെക്രട്ടറിയായി തുടരും. ‘ഒരാൾക്ക് ഒരു പദവി’ നയത്തിന്റെ ഭാഗമായി എം.എൽ.എ., മന്ത്രി തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി പദവികളിലുള്ളവരെ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കി. മന്ത്രിമാരായ കെ.എം. ഷാജിയും എൻ. ഷംസുദ്ദീനും സെക്രട്ടറി പദവികൾ ഒഴിഞ്ഞു. വി. അബ്ദുൽ ഗഫൂർ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു.
എം.എൽ.എമാരായതോടെ ആബിദ് ഉസൈൻ തങ്ങൾ, പാറക്കൽ അബ്ദുല്ല, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റർ, കാസർകോട് ജില്ലാ പ്രസിഡന്റ് എന്നിവർക്കും പാർട്ടി ചുമതലകൾ നഷ്ടമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമായ നേതാക്കൾക്ക് പകരം പുതിയ പദവികൾ നൽകി.
വള്ളിക്കുന്ന് മുൻ എം.എൽ.എ പി. അബ്ദുൽ ഹമീദിനെ സംസ്ഥാന വൈസ് പ്രസിഡന്റായും കാസർകോട് മുൻ എം.എൽ.എ എൻ.എ. നെല്ലിക്കുന്നിനെ ജില്ലാ പ്രസിഡന്റായും നിയമിച്ചു. മുൻ എം.എൽ.എ പി. ഉബൈദുല്ല സംസ്ഥാന സെക്രട്ടറിയായും എം. ഉമ്മർ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ടി.ടി. ഇസ്മായിലിനെ കോഴിക്കോട് ജില്ലാ പ്രസിഡന്റായി നിയമിച്ചു. സൂപ്പി നരിക്കാട്ടേരിയെ ജില്ലാ ജനറൽ സെക്രട്ടറിയായും അഷ്റഫ് മൂപ്പനെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായും നിയമിച്ചു.




