മലപ്പുറം: യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിന്റെ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ് നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ മുന്നിലുള്ള സാഹചര്യത്തിൽ ഇത്തരമൊരു വിവാദം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് ശ്രദ്ധ മാറ്റേണ്ടതില്ലെന്നും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ചില കാര്യങ്ങളിൽ തീരുമാനമെടുത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനിയും നിരവധി നിയമനങ്ങളിൽ തീരുമാനം വരാനുണ്ട്. അതോടെ എല്ലാവരുടെയും പരാതികൾ അവസാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
യുഡിഎഫിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും പാണക്കാട് സാദിഖലി തങ്ങളും പ്രതികരിച്ചു.
Related Post
അതേസമയം, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയാണെന്നാണ് വിവരം. അടൂർ പ്രകാശിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലുമാണെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം.കെ. മുനീറിന് നൽകുന്നതിൽ നേരത്തെ ധാരണയുണ്ടായിരുന്നുവെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. മുന്നണി യോഗം വിളിച്ചുചേർക്കാൻ ചുമതലയുള്ള കൺവീനർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നും ലീഗ് വിലയിരുത്തുന്നു.
അതിനിടെ, ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.




