കോഴിക്കോട്: കെ സി വേണുഗോപാലിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പ്രവീണ്‍ കുമാര്‍ എംഎല്‍എ. യാതൊരു ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ അര്‍ജന്റീന തോറ്റതിന് പിന്നില്‍ കെ.സി വേണുഗോപാലാണെന്ന് പറഞ്ഞു പോലും സൈബര്‍ ആക്രമണം നടക്കുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സൃഷ്ടിക്കുന്നതില്‍ കെ.സി വേണുഗോപാല്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.
ഇപ്പോള്‍ 63 എംഎല്‍എമാര്‍ക്ക് ഊര്‍ജം നല്‍കിയ ആ നേതാവിനെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്യുകയാണ്. നിലവിലെ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല. ത്രിവര്‍ണ പതാക പിടിക്കുന്നവര്‍ ഇങ്ങനെ ചെയ്യില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ വരുന്നു. ഇതില്‍ അഞ്ച് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനം നടത്തിയത് കെ.സിക്ക് വേണ്ടിയല്ലെന്നും പാര്‍ട്ടിക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.


















































