തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാരുടെ രൂക്ഷവിമർശനവും വൻ തർക്കവും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകാധിപത്യ ശൈലിയും കൂട്ടായ ചർച്ചകൾ നടക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയിൽ വിമർശനം ഉയർന്നത്. പുതിയ പി.എസ്.സി. അംഗങ്ങളുടെ പട്ടിക കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി മുന്നോട്ടുവെച്ചതാണ് പ്രധാനമായും തർക്കങ്ങൾക്ക് കാരണമായത്. നിയമനപ്പട്ടിക ചർച്ചചെയ്യാതെയാണ് തീരുമാനിച്ചതെന്ന് കുറ്റപ്പെടുത്തി എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്.
പി.എസ്.സി.യിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ആവശ്യമായ ചർച്ചകൾ നടന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയെന്നാണ് വിവരം. കെ.പി.സി.സി. അധ്യക്ഷനായിരുന്നിട്ടുപോലും പല പ്രധാന കാര്യങ്ങളും താൻ അറിയുന്നില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫും വിമർശനവുമായി രംഗത്തെത്തി.
ചില വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും യോഗത്തിൽ വിമർശനമുന്നയിച്ചു.