തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തെയും ധാതു ഖനനത്തെയും ചൊല്ലി യുഡിഎഫിൽ അതൃപ്തി ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ യാതൊരു നയപരമായ തീരുമാനവും എടുത്തിട്ടില്ലെന്നും നികുതി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ബജറ്റിന്റെ രഹസ്യഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി സംബന്ധിച്ച കാര്യം എക്സൈസ് മന്ത്രി അറിയുന്നില്ലേയെന്ന ചോദ്യത്തിന്, അത്തരം വിവരങ്ങൾ പുറത്തുവരുന്നത് ബജറ്റ് ചോർച്ചയായി മാറുമെന്നായിരുന്നു മറുപടി. ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നത് ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തീരുമാനത്തിൽ ഇനിയും മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.













































