ആലപ്പുഴ: ചേർത്തല പൊള്ളഘണ്ടാകർണ ക്ഷേത്രത്തിൽ കവർച്ചാശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ക്ഷേത്ര പരിസരത്തുനിന്ന് സംശയകരമായ രീതിയിൽ ശബ്ദം കേട്ട് ഉണർന്ന പ്രദേശവാസികൾ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കുന്നയാളെ ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് വിവരം ചേർത്തല പൊലീസിനെ അറിയിക്കുകയും പ്രതിയെ പൊലീസിന് കൈമാറുകയും ചെയ്തു. പിടിയിലായ വ്യക്തി ബധിരനായതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല.
പ്രതിയുടെ പക്കൽ നിന്ന് ബംഗാളിലേക്കുള്ള ഒരു ട്രെയിൻ ടിക്കറ്റ് മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ചേർത്തല പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.