തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ജീവനൊടുക്കിയ എംബിബിഎസ് വിദ്യാർഥി വീട്ടിൽനിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയെന്ന് ബന്ധുക്കൾ. കിളിമാനൂരിലെ വീട്ടിൽനിന്ന് പള്ളിക്കലും തുടർന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ് കാറുമായി പുറപ്പെട്ടതായിരുന്നു ആഷിഖ്. എന്നാൽ പറഞ്ഞ സമയത്ത് വീട്ടിൽ തിരിച്ചെത്തിയില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടിയുമില്ല. തുടർന്ന് പിതാവ് സുഹൃത്തിനൊപ്പം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
കല്ലമ്പലം പോലീസിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ദേശീയപാതയിൽ കൊല്ലം റോഡിൽ നിർമാണം നടക്കുന്ന വീതിയേറിയ റോഡിന്റെ വശത്ത് കാർ കണ്ടെത്തിയത്. കാറിനുള്ളിൽ സീറ്റ് നിവർത്തി ചാരി കിടക്കുന്ന നിലയിലായിരുന്നു ആഷിഖ്. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർ അറിയിച്ചതായി പോലീസ് പറഞ്ഞു.
മടവൂർ സീമന്തപുരം സിംപിൾ ഹൗസിൽ റിട്ട.ഡപ്യൂട്ടി തഹസിൽദാർ അൻസാർ സീന (അധ്യാപിക, ഇളംബ ഹയർസെക്കൻഡറി സ്‌കൂൾ) ദമ്പതികളുടെ മകനായ എ.ആഷിഖ് (25) ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിയാണ്. യുവാവ് പഠനസംബന്ധമായ സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഓഗസ്റ്റ് 9ന് കോളേജിൽ പ്രാക്ടിക്കൽ പരീക്ഷയുടെ തലേദിവസം ആഷിഖിനെ കാണാതായിരുന്നു. തുടർന്ന് 12 ദിവസത്തിനുശേഷം ഗോവയിൽനിന്നാണ് കണ്ടെത്തിയത്. ഇതിനുശേഷം കൗൺസലിങ് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ആഷിഖിന്റെ സംസ്‌കാരം നടത്തി. അജിനയാണു സഹോദരി.




