മഥുര: വൃന്ദാവനിലെ റസിഡൻഷ്യൽ സ്കൂളിൽ വെള്ളടാങ്ക് വൃത്തിയാക്കുന്നതിനായി അകത്തേക്ക് ഇറങ്ങിയ നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മറ്റൊരു വിദ്യാർഥിയെ അബോധാവസ്ഥയിൽ പുറത്തെടുത്തെങ്കിലും ഇയാളുടെ നില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
വൃന്ദാവൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ചൈതന്യ വിഹാർ കോളനിയിലെ മഹർഷി പരിണി സംസ്കൃത വിദ്യാലയത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റസിഡൻഷ്യൽ സ്കൂൾ മാനേജർ ആശിഷ് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ച ഓരോ വിദ്യാർഥിയുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട രുദ്ര വിദേശിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളടാങ്കിനുള്ളിൽ വിദ്യാർഥികൾ പ്രവേശിച്ചതും പിന്നീട് ഒരോരുത്തരായി ബോധരഹിതരായതും സംബന്ധിച്ച വിവരങ്ങൾ രുദ്ര വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
മഥുര സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ശ്ലോക് കുമാർ നൽകിയ വിവരമനുസരിച്ച്, ആദ്യം ഒരു വിദ്യാർഥിയാണ് ടാങ്ക് വൃത്തിയാക്കുന്നതിനായി അകത്തേക്ക് ഇറങ്ങിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ പുറത്തുവന്നില്ല. തുടർന്ന് മറ്റ് നാല് വിദ്യാർഥികൾ കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങി. ഇവരും പുറത്തുവരാതായതോടെ സ്ഥലത്തുണ്ടായിരുന്നവർ അവരെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടെ മരണം സ്ഥിരീകരിച്ചു.
മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ മനു കതാര (24), മീററ്റ് സ്വദേശി റിഷഭ് ശർമ (18), കൗശാംബി സ്വദേശി ആര്യൻ ശർമ (18), മധ്യപ്രദേശിലെ വിദിഷ ജില്ലക്കാരനായ ദേവാൻശ് (17) എന്നിവരാണ് മരിച്ചത്. അഞ്ചാമത്തെ വിദ്യാർഥിയായ രുദ്ര വിദേശ് (18) അപകടനില തരണം ചെയ്തതായി പ്രാദേശിക ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. വിനീത് യാദവ് അറിയിച്ചു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ നഗര മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര പ്രകാശ് സിങ് ഉത്തരവിട്ടിട്ടു. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.
മരിച്ച വിദ്യാർഥികളിൽ ഒരാളുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൃന്ദാവൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിയായ സ്കൂൾ മാനേജർ ആശിഷ് ശർമയെ അറസ്റ്റ് ചെയ്തതായി വൃന്ദാവൻ സർക്കിൾ ഓഫീസർ സന്ദീപ് കുമാർ സിങ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രുദ്രയുടെ വീഡിയോയിലെ വിവരമനുസരിച്ച്, പകൽ പഠനത്തിന് തടസമുണ്ടാകാതിരിക്കാനാണ് രാത്രിയിൽ വെള്ളടാങ്ക് വൃത്തിയാക്കാൻ തീരുമാനിച്ചത്. ആദ്യം മോട്ടോർ ഉപയോഗിച്ച് ടാങ്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. തുടർന്ന് 24കാരനായ മനു കതാര ടാങ്കിനുള്ളിലേക്ക് ഇറങ്ങി. ഏകദേശം അഞ്ച് മിനിറ്റോളം മനു വെള്ളം പുറത്തേക്ക് എടുത്തുകൊണ്ടിരുന്നെങ്കിലും സാധാരണ നിലയിലായിരുന്നു. പിന്നീട് ഇയാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
“മനുവിനെ കണ്ടെത്താൻ മറ്റ് വിദ്യാർഥികൾ ടാങ്കിനുള്ളിൽ ഇറങ്ങണമെന്ന് ഗുരുജി ആവശ്യപ്പെട്ടു,” എന്നാണ് രുദ്ര വീഡിയോയിൽ പറയുന്നത്. തുടർന്ന് ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ ഓരോരുത്തരായി ബോധരഹിതരായി വീണതായും രുദ്ര പറയുന്നു. അവസാനം താനും ടാങ്കിനുള്ളിലേക്ക് ഇറങ്ങിയെന്നും ആദ്യം തനിക്ക് പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നും എന്നാൽ കുറച്ചുസമയത്തിന് ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെടുകയും കണ്ണുകൾ അടയുന്നതുപോലെ തോന്നുകയും കാലുകൾ വിറയ്ക്കാൻ തുടങ്ങുകയും ചെയ്തുവെന്നും രുദ്ര പറയുന്നു.
കാലുകൾ ഉയർത്താൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും സഹായത്തിനായി വിളിച്ച് കൈ ഉയർത്തിയതിനെ തുടർന്ന് ഗുരുജിയും മറ്റുള്ളവരും ചേർന്ന് തന്നെ പുറത്തെടുത്തുവെന്നും രുദ്ര പറഞ്ഞു. തുടർന്ന് ഗുരുജിയും മുതിർന്ന വിദ്യാർഥികളും ടാങ്കിനുള്ളിലേക്ക് ഇറങ്ങി കയറും പടിയും ഉപയോഗിച്ച് നാല് വിദ്യാർഥികളെയും പുറത്തെടുത്തതായും രുദ്രയുടെ വീഡിയോയിൽ പറയുന്നു. സ്കൂളിൽ ഏകദേശം 200 വിദ്യാർഥികൾ സംസ്കൃത പഠനം നടത്തുന്നുണ്ട്. നിലവിൽ 100 വിദ്യാർഥികൾ ക്യാമ്പസിൽ താമസിക്കുന്നതായാണ് അധികൃതരുടെ വിവരം.
സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സംഭവങ്ങളുടെ തുടർച്ച വ്യക്തമാക്കുന്നതിനുമായി സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിൽ പുറത്തുവരുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് എസ്എസ്പി ശ്ലോക് കുമാർ അറിയിച്ചു. മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. സംഭവം അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് എക്സിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.




