ലുധിയാന: ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഓസ്ട്രേലിയയിൽനിന്ന് നാട്ടിൽ തിരിച്ചെത്തി ദിവസങ്ങൾക്കകമാണ് 49കാരിയായ കമൽദീപ് കൗർ കൊല്ലപ്പെട്ടത്. പഞ്ചാബിലെ ലുധിയാനയിൽ നടന്ന സംഭവത്തിൽ ഭർത്താവ് രവീന്ദർ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.
പഖോവാൾ റോഡിലെ വികാസ് നഗറിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കമൽദീപ് കൗറിനെ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകിട്ട് 4.30നും അഞ്ചിനും ഇടയിൽ പിതാവ് രവീന്ദർ സിങ് ഒരു ആവശ്യത്തിനായി തന്നെ വീട്ടിൽനിന്ന് പുറത്തേക്ക് അയച്ചിരുന്നതായി ദമ്പതികളുടെ മകൻ ഗഗൻദീപ് സിങ് പോലീസിനോട് പറഞ്ഞു. തിരികെ എത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയിലെ തറയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും മകൻ വ്യക്തമാക്കി.
കഴിഞ്ഞ ആറുമാസമായി കമൽദീപ് കൗറും രവീന്ദർ സിങ്ങും ഓസ്ട്രേലിയയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ലുധിയാനയിൽ തിരിച്ചെത്തിയത്. അമൃത്സർ വിമാനത്താവളത്തിലെത്തി മാതാപിതാക്കളെ സ്വീകരിച്ചത് താനായിരുന്നുവെന്നും ഗഗൻദീപ് പറഞ്ഞു.
ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് രവീന്ദർ സംശയിച്ചിരുന്നതായും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും മകൻ ആരോപിച്ചു. ഈ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയെ കൊലപ്പെടുത്തിയശേഷം രവീന്ദർ കത്തി കഴുകി വൃത്തിയാക്കി മാറ്റിവെച്ചതായും ഗഗൻദീപ് ആരോപിച്ചു. കൊലപാതകത്തിന്റെ തെളിവുകൾ മറച്ചുവെക്കാനായിരുന്നു ഇതെന്നാണ് മകന്റെ ആരോപണം. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവദിവസം സമീപത്തെ ഗുരുദ്വാരയിൽനിന്ന് മടങ്ങുകയായിരുന്ന അയൽവാസിയായ നരീന്ദർ കൗർ വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് ശ്രദ്ധിച്ചിരുന്നു. എന്തോ പ്രശ്നമുണ്ടായിരിക്കാമെന്ന് സംശയം തോന്നിയതിനെത്തുടർന്ന് അവർ വീട്ടുകാരെ വിളിച്ചു. ഇതിനിടെ ഗഗൻദീപിന്റെ നിലവിളി കേട്ടു. ‘ആന്റി, വേഗം വരൂ! അമ്മയെ അച്ഛൻ കൊലപ്പെടുത്തി’ എന്ന് മകൻ വിളിച്ചുപറഞ്ഞതായി നരീന്ദർ കൗർ പറഞ്ഞു.
സംഭവത്തിൽ ദുഗ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമൽദീപ് കൗറിന്റെ പുറംഭാഗത്തും വയറിലുമാണ് കുത്തേറ്റതെന്ന് സ്റ്റേഷൻ ഓഫീസർ ഗുർമുഖ് സിങ് അറിയിച്ചു. കുത്തേറ്റതിനെത്തുടർന്ന് രക്തക്കുഴലുകൾക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.