തിരുവനന്തപുരം: വിഴിഞ്ഞം-പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ ജംക്ഷന് സമീപമുണ്ടായ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു. പെരിങ്ങമ്മല കോയിക്കൽകുഴി വീട്ടിൽ സുജി (26), ഒപ്പം യാത്ര ചെയ്ത സുഹൃത്ത് മെഡിക്കൽ കോളജ് മുറിഞ്ഞപാലം തോട്ടുവരമ്പ് വീട്ടിൽ അർച്ചന രാജ് (27) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്നു അപകടം. വെങ്ങാനൂർ-പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതിമണ്ഡപത്തിന് സമീപം ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അർച്ചന രാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുജിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിച്ചു.
അപകടത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.




