കോഴിക്കോട്: പെൺകുട്ടികൾക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദർശനം. കോഴിക്കോട് പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം പെൺകുട്ടികൾ മാത്രം താമസിക്കുന്ന വാടക കെട്ടിടത്തിലാണ് യുവാവിന്റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം.
വിദ്യാർഥിനികളും യുവതികളും താമസിക്കുന്ന സ്ഥാപനത്തിന് മുന്നിലെത്തിയ യുവാവ് ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണിലെ ഫ്‌ളാഷ് ലൈറ്റ് തെളിച്ച ശേഷം പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടികൾ ഇയാളുടെ അതിക്രമം തുടർന്നതോടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. ഇതോടെ യുവാവ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ചുറ്റുവട്ടത്ത് വീടുകളുള്ള ജനവാസ മേഖലയിലാണ് നടുക്കുന്ന സംഭവം നടന്നത്. രാത്രി എട്ട് മണിയോടെ തന്നെ ഇയാൾ വീടിന്റെ പരിസരത്ത് കറങ്ങിത്തിരിഞ്ഞിരുന്നതായി പെൺകുട്ടികൾ പറയുന്നു.
ചുവന്ന നിറത്തിലുള്ള സ്‌കൂട്ടറിലെത്തിയ ഇയാൾ മുഖം കാണുന്ന തരത്തിലുള്ള ഹെൽമെറ്റാണ് ധരിച്ചിരുന്നത്. വെളുത്ത നിറത്തിലുള്ള ഷർട്ടും നീല ജീൻസുമായിരുന്നു വേഷം.
കോഴിക്കോട് മുക്കം സ്വദേശിനിയായ സ്ഥാപന ഉടമയുടെ നേതൃത്വത്തിൽ സംഭവത്തിൽ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






