റിയാദ്: റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് ദമ്പതികളുടെ മകനായ നാരായണൻ എന്ന മണി (57) യാണ് മരിച്ചത്.
കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 33 വർഷത്തിലേറെയായി പ്രവാസിയായിരുന്ന മണി കഴിഞ്ഞ പത്തുവർഷത്തോളമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം വീണ്ടും പ്രവാസിയായി.
അതേസമയം താമസസ്ഥലത്ത് മണി കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ റെഡ് ക്രസന്റിനെ വിവരമറിയിക്കുകയും ഉടൻ ഒബൈദ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒബൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി ജീവകാരുണ്യ വിഭാഗം ശ്രമങ്ങൾ ആരംഭിച്ചു. ഭാര്യ: മഞ്ജുള. മക്കൾ: മഞ്ജിമ ( എംബിബിഎസ് വിദ്യാർഥിനി- അസർബൈജാൻ.), മാനവ് നാരായണൻ.




