കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാനച്ചടങ്ങിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ കഴിയാതെ പോയ വിദ്യാർഥിനി മന്ത്രിയിൽ നിന്നും നേരിട്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇന്ന് മന്ത്രി റോജി എം. ജോൺ പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തിയാണ് എംഎ ഇസ് ലാമിക് ഹിസ്റ്ററി വിദ്യാർഥിനി അജ്മി ബഷീർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. ആഗ്രഹിച്ച നിമിഷം കൈവിട്ടുപോയെങ്കിലും, ആ സന്തോഷം വീണ്ടെടുക്കാൻ മന്ത്രിയെ തേടിയെത്തിയ വിദ്യാർഥികൾക്ക് ആശംസ അറിയിച്ചു. അതേസമയം ഒന്നാം റാങ്ക് ജേതാവാണ് അജ്മി ബഷീർ.
ഇതിനിടെ കോളജിലെ ബിരുദദാനച്ചടങ്ങ് തടഞ്ഞ് മന്ത്രി റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 40 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചടങ്ങ് അലങ്കോലമാക്കിയ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ് യു പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തു.
അതേസമയം വിവിധ ജില്ലകളിൽ നിന്നെത്തിയിട്ടും മന്ത്രിയിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാൻ സാധിക്കാത്തതതിൽ രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധത്തിലാണ്. സംഭവത്തെകുറിച്ച് പ്രതികരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉച്ചയ്ക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. ശുദ്ധ തെമ്മാടിത്തരമാണ് നടന്നതെന്ന് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസും വിമർശിച്ചു. എന്നാൽ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് വിദ്യാർഥികൾ ചെയ്തതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻറെ വിശദീകരണം.