സത്‌ന: മധ്യപ്രദേശിലെ സത്‌നയിൽ കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ. സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും അവിടെ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമ്മേന്ദ്ര സിങും തമ്മിലാണ് മെയ് 5-ന് വിവാഹിതരായത്. ജയിലിനുള്ളിൽ വെച്ച് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയും ഒടുവിൽ മതപരമായ അതിർവരമ്പുകൾ ലംഘിച്ചുള്ള വിവാഹത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ധർമ്മേന്ദ്ര സിങ് 2007-ലെ ഒരു കൗൺസിലറുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്. ജയിലിൽ വാറണ്ട് ഇൻ-ചാർജ് ആയി ജോലി ചെയ്തിരുന്ന ഫിറോസയുമായി വാറണ്ട് സംബന്ധമായ ജോലികളിൽ സഹായിച്ചിരുന്ന ധർമ്മേന്ദ്ര നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഏകദേശം 14 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച ധർമ്മേന്ദ്രയെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ നാല് വർഷം മുമ്പാണ് ജയിലിൽ നിന്ന് മോചിപ്പിച്ചത്. മോചനത്തിന് ശേഷം ഇരുവരും തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ വിവാഹത്തിന് ഫിറോസയുടെ കുടുംബാംഗങ്ങൾ പിന്തുണ നൽകുകയോ ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തില്ല. അവരുടെ അഭാവത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂർ മിശ്രയും ഭാര്യയുമാണ് ഫിറോസയുടെ ‘കന്യാദാനം’ നിർവഹിച്ചത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്.



















































