കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. കമ്യൂണിസ്റ്റ് ഇന്റർനാഷ്ണലിന് മുമ്പ് ഫസ്റ്റ് ഇന്റർനാഷ്ണലിന്റെ സമയത്ത് തന്നെ മാർക്‌സും ഏംഗൽസും ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ ദൈവത്തിനും മതത്തിനും എതിരാണെന്ന് പ്രചരിപ്പിക്കാൻ ചില തൽപര കക്ഷികൾ ശ്രമിക്കുന്നു. അതിന് നമ്മളിൽ ചിലരും സഹായം നിൽക്കുന്നുണ്ടെന്നും എം.എ ബേബി പറഞ്ഞു. മലപ്പുറത്ത് നടന്ന ഇഎംഎസിന്റെ ലോകം ദേശിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നമ്മളിൽ പലരും മൈക്ക് കിട്ടി കഴിഞ്ഞാൽ ആദ്യം വൈരുധ്യാത്മികവും ചരിത്രപരവുമായ ബൗദ്ധികവാദത്തിന്റെ അടിസ്ഥാനത്തിൽ ദൈവം എന്നൊരു അസംബന്ധം ഉണ്ടോ എന്നൊക്കെ ചോദിച്ച് യുക്തിവാദികളുടെ പ്രസംഗം നടത്തുന്നുണ്ട്.
നമ്മൾ യാന്ത്രിക യുക്തിവാദികളല്ല. അത് പല സഖാക്കൾക്കും മനസ്സിലാവുന്നില്ല. ഇഎംഎസ് ഇതിനെ കുറിച്ച് എത്രയോ എഴുതി കഴിഞ്ഞതാണ്. ദൈവവിശ്വാസികളേയും മതവിശ്വാസികളേയും അണി നിരത്തിക്കൊണ്ടാണ് ബൂർഷ്വാസിക്കെതിരേയും വർഗീയതക്ക് എതിരേയും സമരം ചെയ്യേണ്ടത്’.- എന്നും എം.എ ബേബി പറഞ്ഞു.






