ഇടുക്കി: ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി സിപിഎം നേതാവ് എം എം മണി. വനം വകുപ്പ് ഉദ്യോഗസ്ഥർ “മര്യാദയ്‌ക്ക് പെരുമാറിയില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും” എന്നാണ് എം.എം. മണി ഭീഷണി മുഴക്കിയത്. “പുരവച്ച് താമസിക്കുന്ന സ്ഥലത്തേക്ക് കയറാൻ വന്നാൽ ഞങ്ങൾ കൈകാര്യം ചെയ്യും.
പോലീസ് ഞങ്ങൾക്ക് പുല്ലാണ്. പിന്നെയാണോ ഫോറസ്റ്റ്” എന്നായിരുന്നു എം.എം. മണിയുടെ പരാമർശം. “നിങ്ങൾക്ക് വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ? ഞങ്ങൾ തിരിച്ച് വീട്ടിലെത്തുമെന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിട്ടല്ല പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നത്. മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല” എന്നാണ് മണിയുടെ താക്കീത്. “വി.ഡി. സതീശൻ ഉമ്മാക്കി കാണിക്കാൻ വരുകയാണ്.
ഖദർധാരിയായ സതീശൻ വന്നപ്പോൾ കാക്കിയിട്ട ചിലർക്ക് സൂക്കേടാണ്” എന്നും മണി പറഞ്ഞു. ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യു ഭൂമി വനം വകുപ്പ് കയ്യടക്കുന്നു എന്നാരോപിച്ചു കർഷക സംഘം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.

















































